ചലച്ചിത്രമേളയില്‍ ‘ഷട്ടര്‍’ തുറന്നപ്പോള്‍

ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള എന്‍ട്രിയായ ‘ഷട്ടര്‍’ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ അവിടെവെച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍. ആരും മസ്സിലുപിടിച്ചിരുന്നു സിനിമ കാണണ്ട എന്ന സംവിധായകന്‍ ജോയ് മാത്യുവിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നത് ഒരു നല്ല സിനിമാനുഭവമാണ് താന്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നതെന്ന ആത്മവിശ്വാസമായിരുന്നു.

ആഷിഖ് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പറില്‍ കേരളത്തിലെ ഭക്ഷണവൈവിധ്യത്തെ കാണിച്ചു കൊണ്ടുള്ള പാട്ടിലായിരുന്നു തുടക്കമെങ്കില്‍ ഇവിടെ നമ്മുടെ സ്വന്തം കോഴിക്കോടിനെ കാണിച്ചാണ് ‘ഷട്ടര്‍’ തുടങ്ങിയത്. കോഴിക്കോടിനെ പ്രണയിക്കുന്നവര്‍ എത്രയുണ്ടെന്ന് തിയേറ്ററില്‍ അതുകാണുമ്പോഴുണ്ടായിരുന്ന കൈയ്യടികള്‍കൊണ്ട് വ്യക്തമാക്കി.

പ്രധാന കഥാപാത്രങ്ങളായ വിനയ് ഫോര്‍ട്ടിന്റെ സുരന്‍, ശ്രീനിവാസന്റെ മനോഹരന്‍, ലാലിന്റെ റഷീദ്ക്ക എന്നിവരുടെ കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇവര്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചും നാം അറിയുകയാണ്. പ്രവാസികളുടെ വീടുകളിലെ പതിവു കാഴ്ചകളാണ് നാം റഷീദ്ക്കയിലൂടെ കാണുന്നതെങ്കില്‍ വിനയ്് അവതരിപ്പിക്കുന്ന സുരനിലൂടെ സാധാരണക്കാരായ ഓട്ടോറിക്ഷാതൊഴിലാളികളുടെ തീര്‍ത്തും സാധാരണമായ ജീവിതം നാം കാണുന്നു. എന്നാല്‍ സമൂഹത്തില്‍ നാം ആരാധിക്കുന്ന ചലചിത്രപ്രവര്‍ത്തകന്റെ സിനിമാജാവിതത്തിലൂടെയല്ല ശ്രീനിവാസന്റെ മനോഹരന്‍ എന്ന കഥാപാത്രത്തെ കാണിക്കുന്നത്. അവര്‍ക്കും സാധാരണമായൊരു ജീവിതമുണ്ട് അവരും ഈ ലോകത്ത് മനുഷ്യരായിത്തന്നെയാണ് ജീവിക്കുന്നതെന്ന് നമ്മെ കാണിക്കുന്നുണ്ട് സംവിധായകന്‍.

ചിത്രത്തിന്റെ തുടക്കത്തില്‍ സുരന്‍ മനോഹരനോടു സംസാരിക്കുന്നതിനിടയില്‍ പറയുന്നുണ്ട് സിനിമയില്‍ പാട്ടും ഫൈറ്റുമൊന്നുമില്ലെങ്കില്‍ എന്തു രസമാണുള്ളതെന്ന്, ഇവിടെ സാധാരണക്കാരനായ ഒരാള്‍ എങ്ങനെയാണ് സിനിമയെക്കാണുന്നതെന്ന് വരച്ചുകാട്ടുന്നുണ്ട് സിനിമയില്‍.

സിനിമയിലേക്കു വരുമ്പോള്‍ നാമറിയാതെ ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളുണ്ട്. നമ്മുടെയൊക്കെ സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ. അതോ ആപത്തുവരുമ്പോള്‍ പിന്‍തിരിഞ്ഞുനില്‍ക്കുന്നവരാണോ സുഹൃത്തുക്കള്‍. ചില നല്ല സൗഹൃദങ്ങളെയും അതിലേറെ സൗഹൃദങ്ങളിലെ ചില കള്ളനാണയങ്ങളെയും ഈ സിനിമയില്‍ കാണാം.

രണ്ടു രാത്രിയും ഒരുപകലുമായിട്ടാണ് കഥ നടക്കുന്നത്. ഒരു സിനിമയയുണ്ടാക്കാനുള്ള മനോഹരന്റെ യാത്രയില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങളാണ് സുരനും റഷീദ്ക്കയുമൊക്കെ. ഇവര്‍ എങ്ങനെ പരസ്പരം സഹായിച്ച് വലിയൊരു പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ കഥയായി നമുക്കു പറയാവുന്നത്.

ചെറുതെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്  റിയ അഗസ്റ്റിനും, പ്രേംകുമാറും ചെയ്തിട്ടുള്ളത്. സാധാരണക്കാരായ നാട്ടുകാരെയും പ്രധാന കഥാപാത്രങ്ങളുടെ സുഹൃത്തുക്കളെയും അവതരിപ്പിക്കാനായി നമുക്ക് അത്ര പരിചയമില്ലാത്തവരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടും നന്നായി. അവരുടെ സ്വാഭാവികമായ അഭിനയം ഇവരെയൊക്കെ നാം സാധാരണ കാണാറുള്ളതാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  കഥാപാത്രങ്ങളെ നമ്മുടെ മുന്നില്‍ പ്‌ളേസ് ചെയ്യാനെടുത്ത സമയക്കൂടുതല്‍ മാത്രമാണ് ഒരു പോരായ്മയായി കാണാവുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പ്രധാന കഥാസന്ദര്‍ഭത്തിലെത്തിക്കഴിയുമ്പോള്‍ ഈ പോരായ്മ ഒഴിവാക്കിയാല്‍ ആസ്വാദനത്തിന്റെ വേറിട്ടൊരനിഭവമാണ് ഷട്ടര്‍ നമുക്ക് നല്‍ക്കുന്നത്.

സിനിമയിലുപയോഗിച്ചിട്ടുള്ള കോഴിക്കോടന്‍ ഭാഷ  കഥാപാത്രങ്ങളെക്കൊണ്ട് പറഞ്ഞു ഫലിപ്പിക്കുന്നതില്‍ സംവിധായന്‍ വിജയിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കഥാപാത്രത്തില്‍  ഭാഷയോടുള്ള ശ്രദ്ധ അത്രക്കങ്ങ് ആവശ്യമില്ലെങ്കിലും സുരന്‍ എന്ന കഥാപാത്രം കോഴിക്കോട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറായതുകൊണ്ടുതന്നെ വിനയ് തന്റെ ഭാഷാ പ്രയോഗത്തില്‍ കുറച്ചൊന്നു പാളിപ്പോയിരുന്നെങ്കില്‍ അതു സിനിമയെ പൂര്‍ണ്ണമായി ബാധിക്കുമായിരുന്നു. അഭിനയത്തിലും വിനയ് തന്റെ ഗ്രാഫ് ഉയര്‍ത്തിയതായി കാണാം.

ഇവരെക്കൂടാതെ എടുത്തുപറയേണ്ടത് സജിത മഠത്തില്‍ എന്ന പ്രധാന സ്ത്രീകഥാപാത്രത്തെക്കുറിച്ചാണ്. ഒരു ലൈംഗിക തൊഴിലാളിയെ നമ്മുടെ സമൂഹം അകറ്റിനിര്‍ത്തുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുമ്പോഴും അവളിലെ നന്മയെ തിരിച്ചറിയാതെ പോകരുതെന്ന് നമ്മോടു പറയുന്നുണ്ട് അവരുടെ കഥാപാത്രത്തിലൂടെ സംവിധായകന്‍.

സിനിമയുടെ സ്ഥിരം ചട്ടക്കൂടുകളിലൊതുങ്ങി നില്‍ക്കുന്നില്ല ഈ സിനിമ. പറയേണ്ടതു പറയുകയും മനുഷ്യനില്‍ നന്മതിന്മകള്‍ കൂടിയും കുറഞ്ഞും എല്ലാവരിലും ഉണ്ടെന്ന് കാണിക്കുകയും ചെയ്യുന്നുണ്ടീ സിനിമയില്‍. ഇങ്ങനെയുള്ള മനുഷ്യര്‍ പരസ്പരം സഹായത്തിനെത്തുകയും അവരിലൂടെ ലോകത്ത് ഇപ്പോഴും നന്മയുടെ ഒരംശം ബാക്കികിടപ്പുണ്ടെന്ന് കാണിക്കുന്നതുവഴി സംവിധായകന് തന്റെ സിനിമക്ക് സമൂഹത്തിനെ ചിലതറിയിക്കാനുണ്ടെന്ന് ഈ സിനിമ കാണുമ്പോള്‍ നമുക്കു തോന്നും.

നമ്മെ ഏറെ അമ്പരപ്പിക്കന്നത് ചിത്രത്തത്തിന്റെ അവസാന ഭാഗത്ത് മനോഹരനും വേശ്യയായ സജിതാ മഠത്തിലിന്റെ കഥാപാത്രവും തമ്മിലുള്ള സംഭാഷണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ സിനിമയുണ്ടാക്കാന്‍ തയ്യാറെടുക്കുന്ന മനോഹരന്‍ ജീവിതത്തിലെ തന്റെ അനുഭവത്തില്‍ നിന്നു തന്നെ തന്റെ അടുത്ത സിനിമക്കായി കഥ തയ്യാറാക്കാന്‍ തുടങ്ങുന്നു.സാധാരണക്കാരനോടടുത്തുനില്‍ക്കുന്ന സിനിമ. അതാണല്ലോ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതും. പ്രദര്‍ശനത്തിനൊടുവില്‍ നിറഞ്ഞുനിന്ന കൈയ്യടികള്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട് പ്രേക്ഷകന്‍ സിനിമയെ എത്രകണ്ട് നെഞ്ചിലേറ്റിയിട്ടുണ്ടെന്ന്.

This article published in doolnews.com, you can read it here

Advertisements