ചില അനുഭവങ്ങള്‍ മനസ്സിലാക്കിത്തരുന്നത്..

by anjudas

ഒരു സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് അങ്ങാടിപ്പുറത്തുനിന്ന് എറണാകുളത്തേക്ക് മടങ്ങിയത് ട്രെയിനിലായിരുന്നു. 2015ലെ ക്രിസ്മസ്സ് വെക്കേഷന്‍ കഴിഞ്ഞ് കുടുംബ വീടുകളില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്ന ആളുകളുടെ തിരക്കായിരുന്നു ട്രെയിനില്‍. കഷ്ടിച്ച് സീറ്റ് കിട്ടി ഇരുന്നപ്പോള്‍ ഏതോ സ്‌റ്റേഷനില്‍ നിന്ന് ഒരു മധ്യവയസ്‌കനും ഭാര്യയും അവരുടെ മകനെന്നു തോന്നിക്കുന്ന ഒരാളും അയാളുടെ ഭാര്യയും കുഞ്ഞും കയറി. എന്റെ സമീപത്ത് രണ്ടാള്‍ക്കിരിക്കാന്‍ സീറ്റുണ്ടായിരുന്നതു കൊണ്ട് ആദ്യം അയാളും കുഞ്ഞും ഭാര്യയും ഇരുന്നു. കാഴ്ചയില്‍ അത്യാവശ്യം സാമ്പത്തികശേഷിള്ള കുടുംബമാണെന്നു തോന്നി. കുഞ്ഞിന് 1 വയസ്സാകുന്നതേ ഉണ്ടാകൂ. കുറച്ചു ദൂരം ചെന്നപ്പോള്‍ കുഞ്ഞു കരയാന്‍
തുടങ്ങി. ട്രെയിനിലെ തിങ്ങിനിറഞ്ഞ ആള്‍ക്കാരുടെ ഇടയില്‍ നിന്നാകാം ആ കുഞ്ഞിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടായരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കൂടി വന്നു. അപ്പോള്‍ അയാള്‍ കുഞ്ഞിന് കൊടുക്കാന്‍ ബിസ്‌കറ്റ് ചോദിച്ചു. മൂന്നു നാലു ബാഗുകള്‍ ഉണ്ടായിരുന്നതുകൊണ്ട് അമ്മക്ക് പെട്ടെന്ന്‌ അതെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതു മനസ്സിലാക്കാതെുള്ള അയാളുടെ പെരുമാറ്റമാണ് എല്ലാവരെയും ഒന്നു ഞെട്ടിച്ചത്. അയാള്‍ അവരെ കണക്കിന് വഴക്കുപറഞ്ഞു. അതിനിടയില്‍ അവര്‍ എങ്ങിനെയോ ബിസ്‌കറ്റ് കണ്ടു പിടിച്ചു. എന്നാല്‍ അയാള്‍ അതില്‍ നിര്‍ത്തിയില്ല എന്ന് പിന്നീടാണ് മനസ്സിലായത്. അച്ഛനെയും ഓരോ ചെറിയ കാരണത്തിന് കുറ്റം പറയുന്നുണ്ടായിരുന്നു. കുഞ്ഞ് കരയുമ്പോള്‍ ഇയാള്‍ ഇടക്കിടക്ക് എടുത്തുകൊണ്ടു പോകും. 5 മിനിട്ട് കഴിഞ്ഞ് തിരികെ ഭാര്യയുടെ കയ്യില്‍ കൊടുക്കും. അയാളുടെ അച്ഛന്റെ കയ്യില്‍ കുറച്ചു നേരം കുഞ്ഞിരുന്നപ്പോള്‍ കുഞ്ഞാസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു. ആ അച്ഛനുമമ്മയും സന്തോഷിക്കുന്നത് അവരുടെ മുഖത്തുനിന്നു കാണാമായിരുന്നു. എന്നാല്‍ ഈ നേരമൊക്കെ അയാളുടെ ഭാര്യ ഒന്നു ചിരിച്ചു പോലും കണ്ടില്ല. തമിഴ് നാട്ടുകാരായിരുന്നു അവര്‍. എന്നാല്‍ നന്നായി മലയാളവും പറയുന്നു. മകന്റെ ഭാര്യയെ ആ അച്ഛന്‍ വിളിച്ചത് സ്വാമി എന്നാണ്. അങ്ങനൊരു വിളി ആദ്യമായാണ് നേരിട്ടു ഞാന്‍ കേള്‍ക്കുന്നത്. ചില തമിഴ് സിനിമകളില്‍ മുന്‍പ് കേട്ടിട്ടുള്ളതു പോലെ തോന്നി. ആലുവ വരെയുള്ള യാത്രയില്‍ കുഞ്ഞിന്റെ കളിചിരികള്‍ക്കിടയില്‍ എന്നെ നൊമ്പരപ്പെടുത്തിയത് ഈ ലോകത്ത് ആദ്യമായി മാതാപിതാക്കളാകുന്നവര്‍ ഇവരാണെന്ന പോലെ സ്വന്തം അച്ഛനെയും അമ്മയെയും അവര്‍ ചെയ്യുന്നതൊന്നും ശരിയല്ല എന്നു ഇടക്കിയെ പറയുന്ന ഒരു മകനെയാണ്. ആലുവയില്‍ അയാളും ഭാര്യയും കുഞ്ഞുമായിറങ്ങി. അവിടുന്ന് ബൈക്കിലാണ് യാത്ര എന്ന് അയാളുടെ കയ്യിലെ ഹെല്‍മറ്റില്‍ നിന്ന് മനസ്സിലായി. അയാള്‍ അമ്മയോട് ഇതിനിടയില്‍ ചോദിച്ച ഏക നല്ല വാചകം ‘അമ്മക്ക് ഇറങ്ങേണ്ട സ്ഥലം ഓര്‍മ്മയുണ്ടല്ലോ അല്ലെ’ എന്നതാണ്. കൂട്ടത്തില്‍ അച്ചനോടു പറഞ്ഞിട്ട്  ഒരു കാര്യവുമില്ല എന്നും പറഞ്ഞു. അവസാനം എറണാകുളത്തുനിന്ന് അറിയാത്ത ഈ നാട്ടില്‍ ബസ് കേറി മകന്‍ താമസിക്കുന്ന വീട്ടിലെത്തണമല്ലോ എന്ന് ആശങ്കപ്പെട്ടിരിക്കുന്ന അവരോട് ബസ്സില്‍ കേറിയ ശേഷം കണ്ടക്ടറോട് സ്ഥലമെത്തുമ്പോള്‍ ഒന്നു പറയണമെന്നു പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ അമ്മ നോക്കിയ ആ സ്‌നേഹത്തോടെയുള്ള നോട്ടം ഇന്നും മനസ്സില്‍ നിന്നു മായുന്നില്ല. ഇടക്ക് തന്റെ മകനും കുടുംബവുമാണത് എന്ന് അവര്‍ പറഞ്ഞു. എന്റെ സുഹൃത്തായിരുന്നു അയാളെങ്കില്‍ ഇങ്ങനെ അച്ഛനമ്മമാരോട് പെരുമാറരുതെന്ന് പറയാമായിരുന്നു. പക്ഷെ ഇവിടെ ഇവരെല്ലാം എനിക്ക് അപരിചിതര്‍ മാത്രമാണല്ലോ.

Advertisements