നീയില്ലാത്ത വഴികള്‍

ബസ്സിറങ്ങുമ്പോള്‍ എവിടേക്കാണ് പോകേണ്ടതെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ഇറങ്ങിയ സ്‌റ്റോപ്പില്‍നിന്ന് കുറച്ച് പുറകോട്ടു നടന്നാല്‍ അവിടെ ഒരു ചായക്കടയുണ്ടായിരുന്നതവള്‍ക്കോര്‍മ്മയുണ്ട്. റോഡ് തുടങ്ങുന്നിടത്ത് വെള്ളയില്‍ നീല എഴുത്തുള്ള ബോര്‍ഡ് വന്നതൊഴിച്ചാല്‍ വേറെ മാറ്റമൊന്നും ഈ വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടില്ല.
ഇനിയൊരിറക്കമാണ്.അതുകഴിഞ്ഞങ്ങോട്ട് ഇടുങ്ങിയൊരു റോഡും. കുറച്ചു നടന്നപ്പോഴേക്കും എന്തൊക്കെയോ ഓര്‍മ്മകള്‍ വന്നു മൂടി ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ഈ വഴിയിലൂടെയാണ് സ്‌കൂള്‍ വിട്ട് താനും അനിയനും സൈക്കിള്‍ മത്സരിച്ചോടിച്ചിരുന്നത്. ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍ പഠനം കഴിഞ്ഞ് ജോലിയില്‍ കേറിയിട്ടുണ്ടാകുമായിരുന്നു.
വെറും നാലു കൊല്ലമെ ഇവിടെ ഞങ്ങള്‍ ജീവിച്ചിരുന്നുള്ളു. അവന്റെ അപകടമരണത്തോടെയാണ് അമ്മയും ഞാനും ചേര്‍ത്തലയിലുള്ള തറവാട്ടുവീട്ടിലേക്ക് പോകുന്നത്. സ്‌കൂഴില്‍ നിന്ന് തിരികെ വരുമ്പോള്‍ ഇരുമ്പുപാലത്തിനടുത്തുവെച്ച് ഒരു ലോറി വന്ന് സൈക്കിളിനിടിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ അമ്മ വാങ്ങിവെച്ചിരുന്ന ഫൈവ് സ്റ്റാര്‍ പോലും കഴിക്കാന്‍ നില്‍ക്കാതെയാണ് അവന്‍ പോയത്.
അവനുള്ളപ്പോള്‍ എന്നും അടിയായിരുന്നു. വെക്കേഷന്‍ കാലത്ത് ആ വര്‍ഷം ബാക്കിവരുന്ന പേനയില്‍ നിറക്കുന്ന മഷിയില്‍ നൂല്‍ മുക്കി പുസ്തകത്തിനിടയില്‍ വെച്ച് വലിച്ച് ഭംഗിയുള്ള ചിത്രങ്ങളുണ്ടാക്കുകയായിരുന്നു ഞങ്ങളുടെ എപ്പോഴുമുള്ള കളി. അമ്മ ഞങ്ങളെ കളിക്കാന്‍ പുറത്തുവിടുമായിരുന്നില്ല. പപ്പ നാട്ടിലില്ലാത്തതു കാരണം മക്കളെ ഒറ്റക്ക് വളര്‍ത്തേണ്ടിവന്നതുകൊണ്ട് അമ്മക്കെപ്പോഴും പേടിയായിരുന്നു. അമ്മക്ക് എപ്പോഴും ഞങ്ങള്‍ കണ്‍വെട്ടത്ത് വേണമായിരുന്നു. ഇടക്ക് ഗള്‍ഫില്‍നിന്നു വരുന്ന ഫോണ്‍വിളികളായിരുന്നു ഞങ്ങള്‍ക്ക് പപ്പ. അവന് 3 വയസ്സായപ്പോള്‍ ആ വര്‍ഷത്തെ ക്രിസ്തുമസ്സിന് പപ്പ വന്നിരുന്നു. രണ്ടു ദിവസം മുന്നേ ആഘോഷിക്കേണ്ട അവന്റെ പിറന്നാള്‍ ഞങ്ങള്‍ ക്രിസ്തുമസ്സിനാണാഘോഷിച്ചത്. പിന്നീട് പപ്പ വരുന്നത് അവന്‍ പോയപ്പോഴാണ്.
………………………………………….
രണ്ടു വശത്തും പണ്ടുണ്ടായിരുന്ന വീടുകളൊക്കെ ഇപ്പോ മാറിയിട്ടുണ്ട്. ഇപ്പോ വീടുകളുടെ വ്യത്യസ്ഥ തരത്തിവുള്ള മതിലുകളേ കാണാനുള്ളു. ഇനിയൊരു വളവു കഴിഞ്ഞാല്‍ ഒരു കടയുള്ളതോര്‍മ്മയുണ്ട്. അതവിടെത്തന്നെയുള്ളതു കാണുമ്പോള്‍ ഒരു സന്തോഷം. ഇവിടുന്നായിരുന്നു അമ്മ ഞങ്ങള്‍ക്ക് മിഠായികള്‍ വാങ്ങിതന്നിരുന്നത്. ഇനി കുറച്ചേയുള്ളു.
അന്നു പതിവുപോലെ ടൈകെട്ടാനും സോക്‌സിടാനുമുള്ള മടികാരണം അമ്മയുടെ പിറകേ നടക്കുകയായിരുന്നു അവന്‍. അടുക്കളയിടെ പണി കാരണം അമ്മയതെന്നെ ഏല്‍പ്പിച്ചു. ഇവനെന്താ ഇതൊറ്റക്കുചെയ്തൂടെ എന്നു ചോദിച്ചിട്ട് ദേഷ്യപെട്ട ഞാന്‍ തന്നെയാണ് അന്നവന് അതെല്ലാം ഇട്ടുകൊടുത്തത്. പോരുമ്പോള്‍ തലക്കിട്ടൊരു കിഴുക്കും വെച്ചുകൊടുത്തു. വൈകിട്ട് പിറകില്‍ ഞാനുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാനാകാതെ ആ അപകടം എനിക്കു നോക്കിനില്‍ക്കേണ്ടിവന്നു. അവന്‍ പോയി. അവന്റെ മരണശേഷം അവനെ അടക്കിയ പള്ളിയില്‍ നിന്നുപോരുമ്പോള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല അവനെ തനിച്ചാക്കി ഒരു മാസത്തിനുള്ളില്‍ ഈ നാടുതന്നെ വിട്ടു പോകേണ്ടിവരുമെന്ന്. ഇപ്പോഴീവഴിയിലൂടെ പോകുമ്പോള്‍ അവനിവിടെയൊക്കെ ഉണ്ടെന്നു തോന്നുന്നു.
അവന്റെ കൂടെ പഠിച്ച ഇവിടെത്തന്നെയുള്ള കൂട്ടുകാരി ഫേസ്ബുക്കില്‍ എന്നെ തപ്പിപ്പിടിച്ച് മെസ്സേജയക്കുകയും അവനെക്കുറിച്ചു പറയുകയുംചെയ്തപ്പോഴാണ് അവനെക്കാണാന്‍ എനിക്കൊന്നുകൂടി വരണമെന്നുതോന്നിയത്. പിന്നീടുള്ള കുറേവര്‍ഷങ്ങളില്‍ ആ ദിവസമെത്തുമ്പോള്‍ പത്രത്തിലെ ചരമപേജില്‍ ചരമവാര്‍ഷികചിത്രങ്ങള്‍ക്കിടയില്‍ അവനുണ്ടോയെന്നു നോക്കാറുണ്ടായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞങ്ങളെ കൂടാതെ ഇന്നും അവനെ ഓര്‍ക്കുന്ന വേറെ പലരുമുണ്ടെന്ന അറിവ് അത്ഭുതവും അതിലേറെ സന്തോഷവും തരുന്നതായിരുന്നു. അങ്ങനെയാണ് അമ്മയോടുപോലും പറയാതെ ഇങ്ങോട്ട് പോന്നത്. അവള്‍ പണ്ടു ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിനടുത്ത് നില്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ആ ക്വാര്‍ട്ടേഴ്‌സ് മാത്രമേ ഇന്നും മാറ്റമില്ലാതെ അവിടെയുള്ളുവെന്നും അവള്‍ പറഞ്ഞു. അവളും അവളുടെ ചേട്ടനുമായിരുന്നു ആദ്യം മതിലിനുമുകളിലെ എത്തിനോട്ടവും പിന്നീട് ഞങ്ങളുടെ വീടിനകംവരെ എത്തിയിരുന്നവര്‍. അമ്മക്കവരെ ഇഷ്ടമായിരുന്നതുകൊണ്ട് അവര്‍ക്കന്ന് അവിടെ വരാമായിരുന്നു. അവര്‍ മാത്രമാണ് ഞങ്ങള്‍ക്കവിടെ ആകെ അറിയാവുന്നവര്‍.
പാലത്തിനടുത്തുള്ള കൊന്നമരമുള്ള വീടിനുമുന്നില്‍ അവള്‍ നില്‍ക്കുന്നുണ്ട്. സന്തോഷം തോന്നി, പഴയൊരു കൂട്ടുകാരിയെ കണ്ടതിലും അതിനുപുറമേ അവനെയോര്‍ത്ത് എന്നെയിങ്ങോട്ട് വിളിച്ചതിലും. ഞങ്ങളൊന്നിച്ചാണ് ഗേറ്റു തുറന്ന് ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് പറന്നത്. കൂടെ അവനുമുണ്ടായിരുന്നു. എപ്പോഴും ചിരിക്കുന്ന ഞങ്ങളുടെ കുഞ്ഞു.

Advertisements