നമുക്കുണ്ടാകും ഇവരെപ്പോലെ ചിലര്‍

by anjudas

ചില സിനിമകള്‍ നമ്മളറിയാതെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. അടുത്തിടെ മഞ്ജു വാര്യര്‍ അഭിനയിച്ച ജോ ആന്റ് ദ ബോയ് കണ്ടപ്പോള്‍ തോന്നിയതാണ് ഇതെഴുതണമെന്ന്.
പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോ ഓരോ ക്ലാസ്സുകാരായിരുന്നു
അസംബ്ലിയില്‍ പ്രെയറും പ്‌ളെഡ്ജും തോട്ട് ഫോര്‍ ദ ഡേയുമൊക്കെ പറയേണ്ടിയിരുന്നത്. അന്നേ നല്ല തോതില്‍ സഭാകമ്പമുണ്ടായിരുന്നു എനിക്ക്. ഒരു വര്‍ഷം മിനിമം 5-6 തവണയെങ്കിലും ഇതു പറയേണ്ടിവരുമെന്നുറപ്പാണ്. അങ്ങനെ പറയാന്‍ ആദ്യമായെനിക്കവസരം വന്നു. അതു ഞാന്‍ കൂടെ സ്‌കൂള്‍ ബസ്സിലുണ്ടായിരുന്ന എന്റെ സീനിയര്‍ ആയിരുന്ന അമൂല്യ ചേച്ചിയോട് പറഞ്ഞു. കക്ഷി എനിക്കൊരു ഐഡിയ പറഞ്ഞുതന്നു. ‘ നീ പറയാനായി ചെല്ലുമ്പോള്‍ മുന്നില്‍ നിക്കുന്നവരെല്ലാം കോഴിയോ പൂച്ചയോ ഒക്കെയായി കരുതിക്കോ അപ്പോ പേടിയുണ്ടാകില്ല എന്ന് ‘ ഞാന്‍ അതു പരീക്ഷിച്ചു. കോഴിയും പൂച്ചയുമായൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ വല്യ പേടിയില്ലാതെ കാര്യം പറഞ്ഞൊപ്പിച്ചു. ഈ സിനിമയിലും അങ്ങനൊരു സീനുണ്ട്. ഇതിലെ മഞ്ജു അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്ത് അവള്‍ക്കിഷ്ടമില്ലാത്തവരോട് സംസാരിക്കേണ്ടിവരുമ്പോള്‍ തന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കിമൗസിനെ അവരുടെ സ്ഥാനത്ത് സങ്കല്‍പ്പിക്കുന്നുണ്ട്. ആ രൂപത്തെ മനസ്സില്‍ സങ്കല്‍പിക്കുമ്പോള്‍ അവളുടെ മുഖത്ത് ചിരിയാണ്. അതവളെ പലയിടത്തും സഹാിക്കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തതാകട്ടെ അവളുടെ പപ്പയും.
ഇതിന്‍ നിന്ന് എനിക്ക് തോന്നിയത് നമുക്കെല്ലാം പലപ്പോഴും പറഞ്ഞുതരാന്‍ ഒരാളില്ലാതായിപോകുന്നുണ്ട്. അടുത്തിടെ കണ്ട പോസിറ്റിവ് തിങ്കിങ് വളര്‍ത്തുന്ന പടങ്ങളായ മിലിയിലും സു സു സുധി വാത്മീകത്തിലും ഞാനിങ്ങനൊരാളെ കണ്ടിട്ടുണ്ട്. മിലിയില്‍ നിവിന്റെ കഥാപാത്മാണെങ്കില്‍ സുധിയില്‍ കല്യാണിയുടേത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ ഒരിക്കലെങ്കിലും നമ്മളെ സഹായിച്ചവര്‍ ഉണ്ടാകാതിരിക്കില്ല. പക്ഷെ ചിലപ്പോള്‍ നമ്മളവരെ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.
പ്രിയ അമൂല്യ ചേച്ചി നിങ്ങള്‍ക്കുപോലും ഇതോര്‍മ്മയുണ്ടാകില്ല. എനിക്കും ഓര്‍മ്മയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് നിങ്ങളെപോലെ അനേകം കിരണങ്ങളെ.

Advertisements