ഓര്‍മ്മകളാല്‍ സമ്പന്നം ജീവിതം

by anjudas

ചില മനുഷ്യരുണ്ട് കൂടെയുള്ളപ്പോള്‍ നമ്മളവരെ ശ്രദ്ധിക്കില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മളവരെ വെറുതെ ഓര്‍ക്കും. ഇതുപോലുള്ളൊരാളെ നമ്മള്‍ കഥയിലോ സിനിമയിലോ കാണുമ്പോള്‍ നമുക്ക് എല്ലാരോടുമായി വിളിച്ചു പറയാന്‍ തോന്നും ഇങ്ങനൊരാളെ നമുക്ക് പരിചയമുണ്ടെന്ന്.
അത്തരത്തില്‍ ചിലരെ വരും ദിവസങ്ങളില്‍ പരിചയപ്പെടുത്തണമെന്നുണ്ടെനിക്ക്.
പണ്ട് വീട്ടിനടുത്തൊരു സ്ത്രീയുണ്ടായിരുന്നു. പാത്തുംട്ടിയാത്ത. ഒരു പ്രത്യേക സ്വഭാവമായിരുന്നു. എപ്പോഴും ഒരു ബീഡി കൈയിലുണ്ടാകും. വെള്ള വസ്ത്രത്തിലേ കണ്ടിട്ടുള്ളു. അസാമാന്യ ധൈര്യവും ആര്‍ക്കുമുന്നിലും സംസാരിച്ചുനില്‍ക്കാനുള്ള അറിവും അവര്‍ക്കുണ്ടായിരുന്നു. ഞാനെപ്പോഴും കളിക്കാന്‍ പോയിരുന്ന സുമയ്യ എന്ന സുമിയുടെ ഉപ്പയുടെ ഉമ്മയാണ്. അക്കാലത്ത് വീട്ടില്‍ ടി വി ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാരും അടുത്തവീട്ടിലേക്കാണ് ടി വി കാണാന്‍ ഓടാറു. അടുത്ത വീട് ഖാദര്‍ക്കാന്റെയാണ്. ഞങ്ങള്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഇവര്‍ അവിടത്തെ ബീക്കുട്ടിയാത്താനോട് സംസാരിക്കാന്‍ വന്നിരിക്കും. ഇടയ്ക്ക് സിനിമയിലേക്കും നോക്കും. എന്നിട്ടൊരു ഡയലോഗാണ്- ഇവരൊക്കെ പൈസ കിട്ടാന്‍ വേണ്ടീട്ടല്ലേ കരയുകയും ചിരിക്കുകയും ചെയ്യുന്നത് എന്ന്. സിനിമയില്‍ പോലീസിനെ കാണുമ്പോള്‍ ഒന്നുകില്‍ ഞാന്‍ കണ്ണടച്ചിരിക്കും അല്ലെങ്കില്‍ മെല്ലെ ആരും കാണാതെ മുങ്ങും. മണിചിത്രത്താഴിലെ ക്‌ളൈമാക്‌സ് സീനെത്തുമ്പോള്‍ തലവേദനയെടുക്കുന്നുവെന്നു പറഞ്ഞ് മുങ്ങാറാണ് പതിവ്. ശരിക്കും പേടിച്ചിട്ടാണെന്നതാണ് സത്യം. പറഞ്ഞു വന്നത്. സിനിമ റിയാലിററി അല്ല അഭിനയിക്കുന്നതാണ് എന്ന് എനിക്കു മനസ്സിലാക്കിത്തന്നത് ഇവരാണ്. ഇവരെപോലുള്ളവരില്‍ നിന്ന് പഠിച്ചതാണ് ജീവിതത്തില്‍ കൂടുതലുമുള്ളത്.

Advertisements