ചിലരുടെ മരണം ചിലപ്പോള്‍ അങ്ങനെയാണ്. ഒരു വലിയ ഞെട്ടല്‍ തന്നായിരിക്കും അവര്‍ കടന്നുപോകുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ പൊടുന്നനെ കടന്നുവരും നമ്മോട് അനുവാദം ചോദിക്കാതെ തന്നെ.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ കഌസ്സുകളില്‍ പഠിപ്പിച്ചിരുന്ന ഒരു ഫിലോമിനാ മിസ്സുണ്ടായിരുന്നു. കുട്ടികളോട് ഏറെ സ്‌നേഹമുണ്ടായിരുന്ന ഒരു ടീച്ചര്‍.പലപ്പോഴും രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ ഇന്നെന്തെങ്കിലും കാരണം കൊണ്ട് കഌസ്സുണ്ടായിരിക്കരുതേയെന്ന് എന്നെപ്പോലെ പലരും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് സ്‌കൂള്‍ ബസ്സ് സ്‌കൂളിനടുത്തെത്താറായപ്പോള്‍ വഴിയിലൊരാള്‍ക്കൂട്ടം കണ്ടു. നിശബ്ദത അതൊരു മരണവുമായി ബന്ധപ്പെട്ടുണ്ടായ ആള്‍കൂട്ടമാണെന്ന് വെളിപ്പെടുത്തി. എന്നിട്ടും എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഞങ്ങളുടെ മിസ്സാണെന്ന് അറിഞ്ഞിരുന്നില്ല. സ്‌കൂളിലെത്തിയപ്പോള്‍ പെട്ടന്ന് പതിവിലും നേരത്തെ എല്ലാവരും കഌസ്സില്‍. കുട്ടികളെ വരിവരിയായി അടുത്തുള്ള മിസ്സിന്റെ വീടുവരെ കൊണ്ടു പോയി. മിസ്സിനെ നോക്കുമ്പോള്‍ മരിച്ചൊരാള്‍ കിടക്കുന്നതായി തോന്നിയില്ല. ഏതോ സ്വപ്‌നം കണ്ട് ഉറക്കത്തില്‍ പതിയെ പുഞ്ചിരിക്കുന്നതായേ തോന്നിയിരുന്നുള്ളു. ശാന്തമായൊരു മരണം.
പിന്നീട് മറ്റു പലമരണങ്ങളും കണ്ടു. അതൊക്കെ വല്ലാതെ വേദനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അതോടെ ആരെങ്കിലും മരിച്ചെന്നു കേട്ടാല്‍ പോകാന്‍ തോന്നാതായി. ഇപ്പോഴും അങ്ങനെ ചില മരങ്ങളുണ്ടായപ്പോള്‍ കാണാന്‍ പോകാതിരിക്കുന്നത്്് അവര്‍ ഇപ്പോഴും എവിടൊക്കെയോ സുഖമായി ജീവിക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്.
ഡിഗ്രി കഌസ്സിലെ ആദ്യ ദിനം. നല്ല ഭംഗിയുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു. ലാവണ്യ എന്നാണ് പേര്. രാജന്‍ അലക്‌സ് സര്‍ ആദ്യമായി പരീക്ഷയിട്ടപ്പോള്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക്. 10ല്‍ 8 അരയോ മറ്റോ. എനിക്കാണെങ്കില്‍ 5 അരുയും. സാറിന്റെ വക വഴക്കും ഉപദേശവും. വന്നപ്പോഴേ ഉഴപ്പുകയാണോന്നൊരു ചോദ്യവും. അന്നു ഞാന്‍ മനസസില്‍ കുറിച്ചിട്ടു ഇവളെനിക്കാരു പാരയാണല്ലോയെന്ന്. എന്നാല്‍ കൊല്ലം തീരുന്നതിനു മുന്നെ തമിഴ്‌നാട്ടിലെവിടെയോ വേറൊരു കോഴ്‌സ് കിട്ടി അവള്‍ പോയി. പിന്നീടുള്ള വര്‍ഷങ്ങളില്‍ അവള്‍ ഇടക്ക് കാണാന്‍ വരുമായിരുന്നു ഞങ്ങളെയെല്ലാം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് അവള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത അറിയിച്ചത്. എന്തിനെന്നിപ്പോഴുമറിയില്ല. അന്വേഷിച്ചെങ്കിലും ഒന്നുമറിഞ്ഞുമില്ല. ഇപ്പോഴും തോന്നും അവളെവിടെയോ ഉണ്ടെന്ന്.
ബസ്സിലെ കോളേജിലേക്കുള്ള യാത്രകളില്‍ കൂട്ടായിമാറിയ മറ്റൊരു കൂട്ടുകാരി ഇതുപോലെ ആത്മഹത്യ ചെയ്തപ്പോഴും കാണാന്‍ പോയില്ല. ഇപ്പോഴും ഞങ്ങള്‍ നടന്നുപോയിരുന്ന വഴികളിലൂടെ ചിലപ്പോള്‍ അവള്‍ നടന്നുപോകുന്നുണ്ടെന്നു തോന്നും. എനിക്ക് കല്ലുമ്മക്കായ് ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ ഉമ്മയോട് പറഞ്ഞ് ഒരു പൊതിനിറയെ അതുണ്ടാക്കിക്കൊണ്ടുവന്ന അവള്‍ ബസ്സില്‍ വെച്ചു തന്നെ രണ്ടുമൂന്നെണ്ണം കഴിപ്പിച്ചു. കഌസ്സില്‍ കൊണ്ടുപോയാല്‍ നിനക്കൊന്നും തിന്നാന്‍ കിട്ടൂലായെന്നും പറഞ്ഞ്. ഇപ്പോഴും ഞാന്‍ അവളെ ഓര്‍ക്കുന്നുണ്ട് ഇടക്കൊക്കെ അവളെവിടെയോ ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തില്‍.
ഇങ്ങനെ എത്രയോ മരണങ്ങള്‍ ദിവസവും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. അടുപ്പമുള്ള ആരും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ മരിക്കരുതെ എന്നു വെറുതെ ആഗ്രഹിക്കുന്നു. വെറുതെയാണെങ്കിലും.

Advertisements